ഗ്ലാസ്ഗോ: ബോക്സിങ്ങിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. വനിതകളുടെ 51 കിലോഗ്രാം, 60 കിലോഗ്രാം വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം നേടി. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരിയും 60 കിലോഗ്രാം വിഭാഗത്തിൽ പ്രിയ ഗൻഗാസുമാണ് സ്വർണം നേടിയത്.
കനേഡിയൻ താരം മേരി ബത്തോളിനെ കീഴടക്കിയാണ് പ്രിയ സ്വർണം നേടിയത്. 4-1 നാണ് പ്രിയയുടെ ജയം. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരിയുടെ ജയം ആധികാരികമായിരുന്നു. 5-0നാണ് സാക്ഷി ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ കീഴടക്കിയത്. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ, 57 കിലോഗ്രാം വിഭാഗത്തിൽ ജയ്സ്മിൻ ലംബോറിയ എന്നിവർ സ്വർണം നേടിയതിന് പിന്നാലെയാണ് വീണ്ടും ബോക്സിങ് റിങ്ങിൽ ഇന്ത്യൻ താരങ്ങൾ മെഡൽ നേടുന്നത്. ബോക്സിങ്ങിലെ അഞ്ച് ഫൈനലുകളിൽ നാല് സ്വർണവും ഒരു വെള്ളിയുമാണ് ഇതുവരെ ഇന്ത്യ നേടിയത്. അതേസമയം സ്വർണപ്രതീക്ഷയായിരുന്ന ജദ്ദുമണി സിങ് ഫൈനലിൽ പരാജയപ്പെട്ടു വെള്ളിയിലൊതുങ്ങി. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഓസ്ട്രേലിയയുടെ ഡിക്സോണിനോട് 5-0ത്തിനായിരുന്നു ജദ്ദുമണിയുടെ തോൽവി.
