തിരുവനന്തപുരം: വോട്ടിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ കേസ് എടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പോലീസിന് നിർദ്ദേശം നൽകി. ജില്ലാ കളക്ടറുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നിർദ്ദേശം. പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഇടപെടുകയും ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന പോലീസ് മേധാവിയും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തരുവാകുറിശിയിൽ ഒരു മരണവീട്ടിൽ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവർത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രൻ തിരികെ കാറിൽ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കൈയിൽ പണംവെച്ചു നൽകുകയായിരുന്നു.
- April 8, 2026
- Imac Kochi

