തിരുവനന്തപുരം: രാഷ്‌ട്രീയത്തിൽ വരുന്നതിന് മുമ്പും ശേഷവുമുള്ള സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്റെ വരുമാനം അന്വേഷിക്കണമെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എ. വ്യക്തിപരമായി തന്നെക്കുറിച്ച് പറഞ്ഞാൽ തിരിച്ചടിക്കുമെന്നും രാഗേഷ് തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിപ്പിക്കേണ്ടെന്നും ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് രാഗേഷ് വയറിംഗ് തൊഴിലാളിയായിരുന്നു.
പാർട്ടിക്കൊപ്പം നിന്ന സമയത്ത് പലതും ചർച്ച ചെയ്തിട്ടുണ്ടാകും. പാർട്ടിയിൽ നിന്ന് പോയതിന് ശേഷം അതെല്ലാം വിളിച്ചുപറയുന്നത് എന്റെ രീതിയല്ല. എന്നാൽ എന്നെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന് ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ അവരെക്കുറിച്ച് ഞാൻ പറയും. എന്റെ കൈവശം അവരെക്കുറിച്ചുള്ള കാര്യങ്ങളൊക്കെയുണ്ട്. അത് രാഷ്ട്രീയത്തെ മലീമസമാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.