തൃശൂർ: ഉച്ചഭക്ഷണത്തിനുശേഷുള്ള ആലസ്യത്തിലായിരുന്നു മുണ്ടത്തിക്കോട്. മൂന്ന് നാളുകൾക്കപ്പുറം വരാനിരിക്കുന്ന പൂരത്തിന് തിരുവമ്പാടി ദേവസ്വത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങൾ നിർമ്മിക്കുകയായിരുന്നു ജോലിക്കാർ. വൈകീട്ട് മൂന്നരയോടെ ഭൂകമ്പം പോലെ സ്‌ഫോടനം. ഓടിയെത്തിയവർ കണ്ടത് വിശ്വസിക്കാനാവാത്ത കാഴ്‌ച. നിന്നു കത്തുന്ന വെടിപ്പുരകൾ, പ്രദേശമാകെ പൂകമൂടിക്കഴിഞ്ഞിരുന്നു. മരങ്ങളിലേയ്ക്കും തീ പടർന്നു. ചിലത് ചിന്നിത്തെറിച്ചു. വെടിപ്പുരകൾ പ്രവർത്തിച്ചിരുന്ന ഷെഡ്ഡുകൾ തകർന്ന് ദൂരെ പാടത്തേക്കുവരെ തെറിച്ചുവീണു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ വെടിപ്പുരയ്‌ക്ക് അകലെ വരെ കണ്ടെത്തി. പുകയുയർന്നപ്പോൾ തന്നെ ഇറങ്ങിയോടിയ ചിലർ ഞെട്ടലൊഴിഞ്ഞതോടെ അപകടത്തിൽപ്പെട്ട മറ്റുള്ളവരെ ആശുപത്രിയിലെത്താക്കാനായി പാഞ്ഞു. പക്ഷേ, ദുരന്തം അതിന്റെ ഏറ്റവും ഉഗ്രമായ വ്യാപ്തിയിൽ തന്നെ ബാധിച്ചിരിക്കുകയാണെന്നാണ് വിവരം. അഞ്ചു പേർ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. നാൽപതോളം പേരെ ഇതിനോടകം ആശുപത്രിയിൽ ചികിത്സയിലാണ്.
വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നാട്ടുകാർക്കും രക്ഷാപ്രവർത്തകർക്കും എത്തിച്ചേരാനാകാത്തതാണ് ദുരന്തം കൂട്ടി. വ്യാപ്തി വർധിപ്പിച്ചത്. പാടശേഖരത്തോട് ചേർന്നുള്ള വലിയൊരു പറമ്പിലാണ് വെടിക്കെട്ടുപുരകൾ പ്രവർത്തിച്ചിരുന്നത്. അഞ്ച് വെടിക്കെട്ട് പുരകളും കത്തിനശിച്ചു. സമീപത്തെ പറമ്പുകളിലെല്ലാം ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലാണ്. കിലോമീറ്ററുകളോളം അകലേയ്ക്ക് സ്‌ഫോടനശബ്ദം കേട്ടു. ഭൂകമ്പമാണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്. പിന്നീട് പുകയുയർന്നതോടെയാണ് അപകടമാണെന്ന് തിരിച്ചറിഞ്ഞത്.
40 പേരാണ് വെടിപ്പുരകളിൽ ഉണ്ടായിരുന്നത്. 23 പേരെ തൃശ്ശൂർ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റു ചിലരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശരീരഭാഗങ്ങൾ അറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളളത്. സമീപത്തെ വീടുകൾക്കും കാര്യമായ നാശനഷ്ടം. ചില്ലുകൾ പൊട്ടിത്തെറിച്ചും മറ്റും വീടുകളിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെടിക്കെട്ടപകടങ്ങളിലൊന്നായി മാറുമെന്നാണ് വിവരം.

