തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിൽ സി.പി.എം 70 സീറ്റുകളിൽ മൽസരിക്കും. മേയർ ആര്യ രാജേന്ദ്രനില്ലാത്ത പട്ടികയാണ് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി പ്രഖ്യാപിച്ചത്. 93 സീറ്റുകളിലെ എൽ ഡി എഫ് സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ബാക്കി എട്ട് സീറ്റുകളില്‍ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്തശേഷം ചൊവ്വാഴ്ച പ്രഖ്യാപനം നടത്തും. 17 സീറ്റുകളില്‍ സിപിഐ മത്സരിക്കും. അര്‍ജെഡി മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് ബി ഒരു സീറ്റിലും മത്സരിക്കും. അലത്തറയില്‍ മത്സരിക്കുന്ന 23-കാരി മാഗ്നയാണ് പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി. നാല് സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങളും സ്ഥാനാര്‍ഥികളായുണ്ട്.
31 സീറ്റുകളിലാണ് ഘടകകക്ഷികള്‍ ജനവിധി തേടുക. പട്ടം വാര്‍ഡില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിന്റെ മകള്‍ തൃപ്തി രാജ് മത്സരിക്കും. എസ്.പി. ദീപക് പേട്ടയിലും എസ്. പ്രശാന്ത് കഴക്കൂട്ടത്തും ജനവിധി തേടുന്നു. ശാസ്തമംഗലത്ത് മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരേ ആര്‍. അമൃത മത്സരിക്കും. കവടിയാറില്‍ സുനില്‍ കുമാര്‍, മുട്ടടയില്‍ അംശു വാമദേവന്‍ എന്നിവരും മത്സരിക്കുന്നു. ആദ്യഘട്ടമായ ഡിസംബര്‍ ഒന്‍പതിനാണ് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ്. മുൻ ഡപ്യൂട്ടി മേയർ സി പി ഐയിലെ രാഖി രവികുമാർ ഇത്തവണയും വഴുതക്കാട് മൽസരിക്കും.

