‘തിരഞ്ഞെടുപ്പിനു ‌തടസമാകും, മാറ്റം വരുത്താനാകില്ല’; ബാലറ്റിൽ അ‍ഞ്ജലി പി.വി തന്നെ, അഞ്ജലി നായരുടെ അപേക്ഷ തള്ളി

  • Home-FINAL
  • Kerala
  • ‘തിരഞ്ഞെടുപ്പിനു ‌തടസമാകും, മാറ്റം വരുത്താനാകില്ല’; ബാലറ്റിൽ അ‍ഞ്ജലി പി.വി തന്നെ, അഞ്ജലി നായരുടെ അപേക്ഷ തള്ളി

‘തിരഞ്ഞെടുപ്പിനു ‌തടസമാകും, മാറ്റം വരുത്താനാകില്ല’; ബാലറ്റിൽ അ‍ഞ്ജലി പി.വി തന്നെ, അഞ്ജലി നായരുടെ അപേക്ഷ തള്ളി


കൊച്ചി: വോട്ടിങ് യന്ത്രത്തിൽ തന്റെ പേര് അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി നൽകിയ അപേക്ഷ തള്ളി. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം വരണാധികാരിയാണ് അപേക്ഷ തള്ളിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ സാഹചര്യത്തിൽ ഇനി സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്‌. നേരത്തെ എൻഡിഎ സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അതിനെ തുടർന്ന് ഇന്നു രാവിലെ 11ന് അഞ്ജലി നായർ വരണാധികാരിക്കു മുമ്പാകെ ഹാജരായിരുന്നു. ആവശ്യം വരണാധികാരി തള്ളിയതോടെ സ്ഥാനാർഥി പട്ടികയിലും വോട്ടിങ് യന്ത്രത്തിലും ഇനി അഞ്ജലി പി.വി എന്നായിരിക്കും ഉണ്ടാവുക. മാർച്ച് 28ന് നടന്ന കരട് ബാലറ്റ് പരിശോധനയിൽ സ്ഥാനാർഥിയോ പ്രതിനിധിയോ എതിർപ്പുകൾ അറിയിച്ചിട്ടില്ല. ഹോം വോട്ടിങ് ആരംഭിച്ചതിന്റെ പിറ്റേന്ന് മാർച്ച് 31ന് മാത്രമാണ് സ്ഥാനാർഥി പേരു മാറ്റുന്നതിന് രേഖാമൂലം അപേക്ഷ നൽകിയത് എന്നും വരണാധികാരി പറഞ്ഞു.

വോട്ടിങ് പ്രക്രിയ മാർച്ച് 30ന് തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. വോട്ടർ ഫെസിലിറ്റേഷൻ സെന്റർ, പോസ്റ്റൽ വോട്ടിങ് സെന്റർ, പോസ്റ്റൽ ബാലറ്റ്, ഹോം വോട്ടിങ് തുടങ്ങിയവയുടെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബാലറ്റിലെ ചിഹ്നങ്ങളിൽ മാറ്റം വരുത്തിയാൽ ഒരേ മണ്ഡലത്തിൽ തന്നെ രണ്ടു തരത്തിലുള്ള ബാലറ്റ് പേപ്പറുകൾ ഉണ്ടാകുന്നതിന് കാരണമാകും. ഇതിൽ മാറ്റം വരുത്തണമെങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വോട്ടിങ് പ്രക്രിയ നിർത്തിവയ്ക്കുകയും പോസ്റ്റൽ ബാലറ്റുകൾ തിരികെ വിളിക്കുകയും വോട്ടിങ് യന്ത്രങ്ങള്‍ പുനഃക്രമീകരിക്കുകയും വേണം. അത് ഭരണപരമായി അസാധ്യമായ കാര്യവും ഏപ്രിൽ 9ന് തിരഞ്ഞെടുപ്പു പൂർത്തിയാക്കുന്നത് തടയുന്നതുമാണ്. ബാലറ്റ് പേപ്പറിലും വോട്ടിങ് യന്ത്രത്തിലും സ്ഥാനാർഥിയുടെ പേരും ചിഹ്നവും ചിത്രവുമുണ്ട്. അതുകൊണ്ടു വോട്ടർമാർക്ക് ഇവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. അഞ്ജലി പി.വി. അല്ലാതെ മറ്റൊരു അഞ്ജലി സ്ഥാനാർഥി പട്ടികയിൽ ഇല്ലെന്നും വരണാധികാരി ഉത്തരവിൽ പറഞ്ഞു.

Leave A Comment