തിരുവനന്തപുരം: സംസ്ഥാനത്തെ ഉത്സവങ്ങളിലും മറ്റ് പൊതു ആഘോഷങ്ങളിലും പടക്കങ്ങളുടെ ഉപയോഗം പൂർണമായും നിരോധിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സർക്കാരിനോട് ആവശ്യപ്പെട്ടു. തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നിലപാടുമായി ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയത്.
പരമ്പരാഗതമായ വെടിക്കെട്ടുകൾ പലപ്പോഴും വലിയ ദുരന്തങ്ങളിലാണ് അവസാനിക്കുന്നതെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. വെടിക്കെട്ടിന് പകരമായി ലേസർ ഷോകളോ ദീപാലങ്കാരങ്ങളോ പോലുള്ള ആധുനികവും സുരക്ഷിതവുമായ ആഘോഷ രീതികൾ സ്വീകരിക്കാൻ സമൂഹവും മതസ്ഥാപനങ്ങളും തയ്യാറാകണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം പ്രകടനങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സംഘടന വ്യക്തമാക്കി.

