പ്രവാസ ലോകത്തെ പൊന്നോണത്തിനായി വിപണികൾ ഒരുക്കം തുടങ്ങി

  • Home-FINAL
  • Business & Strategy
  • പ്രവാസ ലോകത്തെ പൊന്നോണത്തിനായി വിപണികൾ ഒരുക്കം തുടങ്ങി

പ്രവാസ ലോകത്തെ പൊന്നോണത്തിനായി വിപണികൾ ഒരുക്കം തുടങ്ങി


പ്രവാസ ലോകത്തെ പൊന്നോണത്തിനായി വിപണികൾ ഒരുക്കം തുടങ്ങി. പച്ചക്കറി, വാഴയില, പൂക്കൾ അടക്കം ഓണവിപണി ലക്ഷ്യമിട്ടുള്ള വിഭവങ്ങൾ കേരളത്തിൽ നിന്ന് വരും ദിവസങ്ങളിൽ കടൽ കടക്കും. ഗൾഫിലെയും കേരളത്തിലെയും മൊത്ത വ്യാപാരികൾ സാധനങ്ങൾ കയറ്റി അയയ്ക്കാനുള്ള അവസാന വട്ട തയാറെടുപ്പിലാണ്.

ചേന, ചേമ്പ്, കാച്ചിൽ, ഏത്തക്കായ, വെള്ളരി അടക്കം പെട്ടെന്നു കേടു വരാത്ത പച്ചക്കറികളുമായുള്ള കണ്ടെയ്നർ തിങ്കളാഴ്ച കൊച്ചി തുറമുഖത്തു നിന്നു കപ്പൽ കയറും. 21ന് സാധനങ്ങൾ ദുബായ് കടപ്പുറത്ത് എത്തും. അധികം ദിവസം ഇരിക്കാത്ത പച്ചക്കറികൾ വിമാനം കയറിയാണ് വരുന്നത്. ഇത്തവണ പച്ചക്കറികൾ കയറ്റി അയയ്ക്കാൻ ചാർട്ടേഡ് വിമാന സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ഗൾഫ് വിപണിയിലേക്കു മാത്രമായി എത്തുന്നത് ഏകദേശം 2200 ടൺ പച്ചക്കറികളാണ്. ഇതിൽ 60 ശതമാനവും യുഎഇയിലേക്കാണ്.

ഓണവിഭവങ്ങൾ അതിന്റെ ചരിത്രവും പാരമ്പര്യവും പൈതൃകവുമൊക്കെ ചേർത്താണ് പ്രവാസ ലോകത്ത് വിളമ്പുന്നത്. തട്ടിക്കൂട്ട് സദ്യ എവിടെയും കാണില്ല. തനതു വിഭവങ്ങൾ ഒന്നു പോലും കുറയാതെ തൂശനിലയിൽ വിളമ്പി മൂന്ന് കൂട്ടം പായസവും കുടിച്ച് മലയാളി ഗൃഹാതുര ഓർമകളെ സ്വന്തം ശരീരത്തിലും മനസിലും ആവാഹിക്കുകയാണിവിടെ.

കേരളത്തിൽ വിറ്റഴിയുന്നതിന്റെ അത്ര തന്നെ പച്ചക്കറികൾ ഗൾഫിലും വിറ്റു പോകും. 2200 ടൺ പച്ചക്കറിയെന്നാൽ, റെക്കോർഡ് കയറ്റുമതിയാണ്. ഇതിൽ 2150 ടൺ പച്ചക്കറിയും ഗൾഫിലെത്തിക്കുന്നത് ലുലു ഗ്രൂപ്പാണ്. മറ്റു മൊത്തക്കച്ചവക്കാർ ചേർന്ന് 50 ടൺ പച്ചക്കറി എത്തിക്കും.

ഇത്തവണ ഓണം ഓഗസ്റ്റിൽ വന്നതോടെ പാസഞ്ചർ വിമാനങ്ങളിൽ പച്ചക്കറി എത്തിക്കാനുള്ള സാധ്യതകൾ കുറഞ്ഞു. വേനലവധി കഴിഞ്ഞ പ്രവാസികൾ കേരളത്തിൽ നിന്നു മടങ്ങുന്നതിനാൽ വിമാനങ്ങളെല്ലാം നിറഞ്ഞാണ് വരുന്നത്. യാത്രക്കാരുടെ ലഗേജ് കൂടുതലായതിനാൽ പച്ചക്കറി കയറ്റാനുള്ള സ്ഥലം കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ചാർട്ടേഡ് കാർഗോ വിമാനങ്ങൾ സർവീസ് നടത്താൻ തീരുമാനിച്ചത്.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നു പച്ചക്കറിക്കു മാത്രമായി വിമാന സർവീസ് നടത്തും. 23 മുതൽ 27വരെ ദിവസവും കണ്ണൂരിൽ നിന്നു പച്ചക്കറി, പഴം, വാഴയില എന്നിവയുമായി വിമാനം ഷാർജയിലേക്കാണ് എത്തുക. ദോഹയിലേക്കും കുവൈത്തിലേക്കും ഇതേ കാർഗോ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സർവീസുകൾക്ക് പുറമെ ലുലു ഗ്രൂപ്പും സ്വന്തമായി ചാർട്ടേഡ് വിമാനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. 23 മുതൽ ലുലുവിന്റെയും വിമാനങ്ങൾ ഗൾഫിലെ വിവിധ രാജ്യങ്ങളിലെത്തും.

Leave A Comment