തിരുവനന്തപുരം:സിൽവർ ലൈൻ പദ്ധതി റദ്ദാക്കാനും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കി. രണ്ടാം മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശിപാർശ സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രായോഗികം അല്ലാത്തതു കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി ജനങ്ങൾക്കുണ്ടാക്കുന്ന പ്രയാസം നേരിട്ട് മനസ്സിലായിട്ടുണ്ടെന്നും നിരവധി വർഷങ്ങളായി ഈ ഭൂമി വാങ്ങാനോ വിൽക്കാനോ സാധാരണക്കാർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെയാണ് നീട്ടിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനവും തിരഞ്ഞെടുപ്പ് പ്രചാരണവും കാരണം പിഎസ്സ്സിക്ക് നിയമന ഉത്തരവ് നൽകാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് മൂന്ന് മാസത്തേക്ക് കാലാവധി നീട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നൂറുദിന കർമ്മപരിപാടിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് പ്രകടന പത്രികയിലെ കാര്യങ്ങൾ വകുപ്പുകൾക്ക് വിഭജിച്ച് നൽകിയെന്നും എല്ലാ കാര്യങ്ങളും പൂർത്തിയാക്കുമെന്നും വിഡി സതീശൻ പറഞ്ഞു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ എടുത്ത നടപടികൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

