കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് സി പി എം പ്രവർത്തകർ തെരുവിൽ . റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. റെയ്ഡ് നടക്കുന്ന പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. ‘കേന്ദ്ര സർക്കാർ തെമ്മാടികളെ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം. സിപിഎം നേതാവ് പി ജയരാജൻ, കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർ സ്ഥലത്തുണ്ട്.
കേരളത്തിലെ പൊലീസിനോ ആഭ്യന്തര വകുപ്പിനോ ഇഡി പരിശോധന സംബന്ധിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ എത്രയോ തവണ ഡൽഹിയിൽ പോയി കണ്ടിട്ടുണ്ട്. അതൊക്കെ നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരള പൊലീസിന്റെ സഹായം ഇഡി തേടിയിട്ടില്ലെന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ഇഡി റെയ്ഡിന് പിന്നാലെ മുതിർന്ന സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് പ്രതിഷേധം നടന്നു. വികെ പ്രശാന്ത്, വി ജോയ്, ആനാവൂർ നാഗപ്പൻ, വി ശിവൻകുട്ടി എന്നീ നേതാക്കൾ പ്രതിഷേധിക്കുന്നു.
എക്സലോജിക് കേസിൽ ഡൽഹി ഹൈക്കോടതി വിധി പറയും മുമ്പ് അന്വേഷണ സംഘം കേരള ഹൈക്കോടതിയിൽ നിന്നും അന്വേഷണത്തിനായി അനുമതി വാങ്ങുകയായിരുന്നുവെന്നും ഇ ഡി സംഘപരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്‌മെന്റ് ആണെന്നും പി ജയരാജൻ ആരോപിച്ചു.

