ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം: ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS) പഠനശിബിരം സംഘടിപ്പിച്ചു

  • Home page
  • GCC
  • Bahrain
  • ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം: ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS) പഠനശിബിരം സംഘടിപ്പിച്ചു

ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം: ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS) പഠനശിബിരം സംഘടിപ്പിച്ചു


മനാമ: ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ (GSS) നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന സൊസൈറ്റി അങ്കണത്തിൽ നാല് ദിവസങ്ങളിലായാണ് പരിപാടികൾ നടന്നത്. മഹാസമാധിയോടനുബന്ധിച്ച് കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ വിഷയങ്ങൾ ആസ്പദമാക്കി സംഘടിപ്പിച്ച പഠനശിബിരം ശ്രദ്ധേയമായി. പ്രശസ്ത ഗുരുപ്രഭാഷകനും മോട്ടിവേഷണൽ സ്പീക്കറും നെടുങ്കണ്ടം പച്ചടി ഗവൺമെന്റ് യു.പി. സ്കൂൾ പ്രധാനാധ്യാപകനുമായ ബിജു പുളിക്കലേടത്ത് മൂന്ന് ദിവസങ്ങളിലായി പഠനക്ലാസുകൾ നയിച്ചു.

ശ്രീനാരായണ ഗുരുദേവന്റെ ദാർശനിക ആശയങ്ങളും ആധുനിക കേരളത്തിന്റെ വളർച്ചയും ലളിതവും ആഴത്തിലുള്ളതുമായ രീതിയിൽ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ പഠനക്ലാസുകൾക്ക് കഴിഞ്ഞു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ബഹ്റൈൻ ശ്രീനാരായണ കമ്മ്യൂണിറ്റിയുടെ രക്ഷാധികാരിയുമായ കെ.ജി. ബാബുരാജൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

ഗുരുദേവന്റെ മഹാസമാധി ദിനമായ സെപ്റ്റംബർ 21-നും സൊസൈറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടന്നു. സമാപന സമ്മേളനത്തിൽ മഹാസമാധി ദിനാചരണങ്ങൾക്ക് നേതൃത്വം നൽകിയ ബിജു പുളിക്കലേടത്തിനെ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും അവ കേവലം അനുഷ്ഠാനങ്ങളിൽ ഒതുക്കാതെ ജീവിതത്തിൽ ഗൗരവത്തോടെ ഉൾക്കൊള്ളണമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, വൈസ് ചെയർമാൻ സതീഷ് കുമാർ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തൻ, ലേഡീസ് വിങ് പ്രസിഡന്റ് ശ്രീജയ് ബിനോ, സെക്രട്ടറി സിന്ദു റോയി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഡയറക്ടർ ബോർഡ് അംഗങ്ങളായ ശിവജി ശിവദാസൻ, രഞ്ജിത്ത് വാസപ്പൻ, ബിനുമോൻ ചുങ്കപ്പാറ, ലേഡീസ് വിങ് അംഗങ്ങളായ വിദ്യാ രാജേഷ്, ആശ ശിവകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. GSS കുടുംബാംഗങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങുകളിൽ പങ്കെടുത്തു.

Leave A Comment