കൊച്ചി: മലയാളിക്ക് പൊറോട്ടയും ചാറും (ഗ്രേവി) തമ്മിലുള്ള ബന്ധം വെറുമൊരു ഭക്ഷണ ശീലമല്ല, അതൊരു വികാരമാണ്. അതുകൊണ്ടുതന്നെ ഹോട്ടലുകളിൽ പൊറോട്ട യ്ക്കൊപ്പം ചാറ് സൗജന്യമായി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ എറണാകുളം സ്വദേശിയായ അഭിഭാഷകൻ നടത്തുന്ന നിയമപോരാട്ടം ഇപ്പോൾ ഒടുവിൽ പുതിയൊരു വഴിത്തിരിവിൽ എത്തിയിരിക്കുക യാണ്. പൊറോട്ടയ്ക്കൊപ്പം ഗ്രേവി നിർബന്ധമായി നൽകേണ്ടതില്ലെന്ന ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ മുൻ ഉത്തരവ് പുന:പരിശോധിക്കാൻ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ നിർദ്ദേശം നൽകി. മുൻപ് വിധി പ്രസ്താവിച്ചതിൽ ജില്ലാ കമ്മീഷന് പിഴവ് പറ്റിയിട്ടുണ്ടെന്നും ഈ വിഷയത്തിൽ വിശദമായ തെളിവെടുപ്പ് ആവശ്യമാണെന്നുമാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ വിലയിരുത്തൽ. എറണാകുളം സ്വദേശിയായ അഡ്വ. ഷിബു വയലകത്ത് സമർപ്പിച്ച അപ്പീലിലാണ് ഈ അനുകൂല ഇടപെടൽ ഉണ്ടായിരിക്കുന്നത്.
സംഭവം തുടങ്ങുന്നത് 2024 നവംബർ 9-നാണ്. അഡ്വ. ഷിബു എസ് സുഹൃത്തിനൊപ്പം കോലഞ്ചേരിയിലെ ഒരു റെസ്റ്ററന്റിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്തു. എന്നാൽ വിഭവങ്ങൾ വരണ്ടതാണെന്നും അതിനൊപ്പം ഒരല്പം ഗ്രേവി വേണമെന്നും ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഹോട്ടലുകാർ തയ്യാറായില്ല. ഇതിനെതിരെ ഷിബു താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകുകയും, തുടർന്ന് നവംബർ 20-ന് നടത്തിയ ഔദ്യോഗിക പരിശോധനയിൽ ഹോട്ടലുകാരുടെ ഭാഗത്തുനിന്ന് ഗ്രേവി നൽകിയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഹോട്ടലിന്റെ സേവനത്തിൽ വീഴ്ചയുണ്ടെന്ന് കാണിച്ച് ഷിബു ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുന്നത് ഇതോടെയാണ്.
എന്നാൽ 2025 മേയ് 19-ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഷിബുവിന്റെ പരാതി തള്ളിക്കളഞ്ഞു. പൊറോട്ടയ്‌ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകാൻ റെസ്റ്ററന്റുകൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധ കരാർ ബാധ്യതയുമില്ലെന്നായിരുന്നു അന്ന് കമ്മീഷൻ നിരീക്ഷിച്ചത്. ഈ ഉത്തരവ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും, ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തെ വലിയൊരു വിഭാഗം ഹോട്ടലുകളും പൊറോട്ടയ്ക്കൊപ്പം ചാറ് സൗജന്യമായി നൽകുന്നത് നിർത്തലാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത് സാധാരണക്കാരായ ഭക്ഷണപ്രേമികൾക്ക് വലിയ തിരിച്ചടിയായിരുന്നു. എന്തായാലും വിശദമായ തെളിവെടുപ്പ് നടത്തി ഷിബുവിൻറെ പരാതിയിൽ തീരുമാനമെടുക്കാനാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന് നൽകിയിരിക്കുന്ന നിർദേശം. അപ്പോ ഇതോടുകൂടെ തീരുമാനമാകും പൊറോട്ടയ്ക്കൊപ്പം ചാറ് നൽകണോ വേണ്ടയോ എന്ന്.
