കൊച്ചി: കൊച്ചിയിൽ പരസ്യ ചിത്രീകരണത്തിൻറെ ലൊക്കേഷൻ പരിശോധിക്കുന്നതിനിടെ യുവാവ് പാറമടയിൽ മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശിയായ ദിയാൻഷു ജോഷി (26) ആണ് മരിച്ചത്. പെരുമ്പാവൂർ മുടക്കുഴ പെട്ടമലയിലെ പാറമടയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പരസ്യ ചിത്രീകരണത്തിനായി ലൊക്കേഷൻ കണ്ടെത്താൻ ഡൽഹിയിൽ നിന്നെത്തിയ നാലംഗ സംഘത്തിൽപ്പെട്ടയാളാണ് ദിയാൻഷു. ഇൻസ്റ്റാഗ്രാം റീൽസിലും മറ്റും ഈ പാറമടയുടെ ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ടാണ് സംഘം ഇവിടെയെത്തിയത്. ലൊക്കേഷൻ പരിശോധിക്കുന്നതിനിടെ ദിയാൻഷു പാറമടയിലെ വെള്ളത്തിൽ നീന്താൻ ഇറങ്ങുകയായിരുന്നു. എന്നാൽ നീന്തുന്നതിനിടെ ഇയാൾ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. ആളുകൾക്ക് പ്രവേശനം നിരോധിച്ചിട്ടുള്ള ഈ പാറമടയിൽ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാതെയും, പഞ്ചായത്തിൻറെ അനുമതി വാങ്ങാതെയുമാണ് സംഘം എത്തിയത്. അപകടവിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിയാൻഷുവിൻറെ മൃതദേഹം കണ്ടെടുത്തു പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി പ്രവർത്തനം നിർത്തിവെച്ചിരിക്കുന്ന പാറമടയാണിത്.
- May 28, 2026
- Imac Kochi

