വിസ ലഭിച്ചില്ല; മോഹൻലാലിന്റെ സിഡ്നി ഷോ അവസാന നിമിഷം മാറ്റിവച്ചു

  • Home page
  • International
  • വിസ ലഭിച്ചില്ല; മോഹൻലാലിന്റെ സിഡ്നി ഷോ അവസാന നിമിഷം മാറ്റിവച്ചു

വിസ ലഭിച്ചില്ല; മോഹൻലാലിന്റെ സിഡ്നി ഷോ അവസാന നിമിഷം മാറ്റിവച്ചു


സിഡ്‌നി: ഓഗസ്റ്റ് 8-ന് നടക്കേണ്ടിയിരുന്ന സിഡ്നി ഷോ, നടൻ മോഹൻലാലിന് വിസ ലഭിക്കാത്തതിനെ തുടർന്ന് അവസാന നിമിഷം മാറ്റിവച്ചു. കഴിഞ്ഞ ഒരു മാസമായി വിസയ്ക്കായി ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം വിസ ലഭിച്ചില്ല. തുടർന്ന് വൈകാരികമായ ഒരു വിഡിയോ സന്ദേശത്തിലൂടെ മോഹൻലാൽ ആരാധകരോട് മാപ്പുചോദിച്ചു. മനോജ് കെ. ജയൻ, കെ.എസ്. ചിത്ര തുടങ്ങി ഷോയിൽ പങ്കെടുക്കേണ്ട മറ്റു കലാകാരന്മാർക്കെല്ലാം വിസ ലഭിക്കുകയും അവർ സിഡ്നിയിൽ എത്തുകയും ചെയ്തിരുന്നു. തനിക്ക് മാത്രമാണ് വിസ ലഭിക്കാതിരുന്നതെന്നും ഇതിന് പിന്നിൽ ടെക്നിക്കൽ എററോ, ക്ലറിക്കൽ മിസ്റ്റേക്കോ, എഐ എററോ എന്താണെന്ന് അറിയില്ലെന്നും മോഹൻലാൽ പറഞ്ഞു. നിലവിൽ സിംഗപ്പൂരിലുള്ള താരം അവിടെ നിന്നാണ് വിഡിയോ സന്ദേശം പങ്കുവെച്ചത്.

അമ്പത് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നതെന്നും, ഈ വീഴ്ചയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഷോ കാണാനെത്തിയ പ്രക്ഷകരോട് ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിച്ച താരം, ഇതേ ടീമുമായി വീണ്ടും എത്തി മികച്ചൊരു ഷോ സമ്മാനിക്കുമെന്ന് വാഗ്ദാനം ചെയ്തു. അതേസമയം, അടുത്തതായി നിശ്ചയിച്ചിരിക്കുന്ന ന്യൂസിലാൻഡ് ഷോയ്ക്ക് മാറ്റമുണ്ടാകില്ല. മോഹൻലാലും സിഡ്നിയിലുള്ള മറ്റ് താരങ്ങളും ന്യൂസിലാൻഡിലേക്ക് തിരിക്കും. സിഡ്നി ഷോ പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്നും, മോഹൻലാലിന് വിസ ലഭിക്കുന്ന മുറയ്ക്ക് സൗകര്യപ്രദമായ മറ്റൊരു തീയതിയിൽ ഷോ നടത്താനാണ് സംഘാടകരുടെ തീരുമാനം.

Leave A Comment