കാഠ്‌മണ്ഡു: നേപ്പാൾ പ്രളയത്തിൽ കാണാതായ ഏഴ് മലയാളികൾക്കായ തെരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ. 275 ഇന്ത്യക്കാരെയാണ് ഇനിയും കണ്ടെത്താനുള്ളത്. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന 125 ഇന്ത്യക്കാരെയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു.
നേപ്പാളിൽ കുടുങ്ങിയ 47 അംഗ മലയാളി സംഘം കഴിഞ്ഞദിവസം കോഴിക്കോട് തിരിച്ചെത്തിയിരുന്നു. 42 വിനോദ സഞ്ചാരികളും ടൂർ ഓപ്പറേറ്റർമാരുമടങ്ങുന്ന സംഘമാണ് നേപ്പാളിൽ ഓണാവധി ആഘോഷിക്കാൻ പോയത്. ബാലുശേരിയിലെ ടൂർ ഏജൻസി മുഖേനയായിരുന്നു യാത്ര. മൂന്ന് മാനന്തവാടി സ്വദേശികളും കോഴിക്കോട്ടെ ഉള്ള്യേരി, ബാലുശ്ശേരി, ചേമഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരുമാണ് സംഘത്തിലുണ്ടായിരുന്നത്.
നേപ്പാളിൽ കുടുങ്ങിയ 15 മലയാളികൾ കൂടി കേരളത്തിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇന്നലെ ഇവർ ഡൽഹിയിലെത്തി. രണ്ടുപേർ നേപ്പാളിൽ തുടരുകയാണ്. കുടുംബത്തോടൊപ്പവും സംഘങ്ങൾക്കൊപ്പവും യാത്ര ചെയ്തവരും നോർക്കാ ഹെൽപ്പ് ഡെസ്ക്കുകളിൽ രജിസ്റ്റർ ചെയ്യാത്തവരുമാണ് മടങ്ങുന്നത്.
കൈലാസ് മാനസസരോവർ യാത്രാ സംഘത്തിലെ 19 മലയാളികളുൾപ്പെടുന്ന 23 അംഗ സംഘത്തിലെ എട്ടു പേർ കൂടി ഇന്നലെ ഡൽഹിയിലെത്തി. നേപ്പാളിൽ നിന്ന് മടങ്ങുന്നവരിൽ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടർമാരുടെ സംഘവും ഉൾപ്പെടുന്നു. ദുരന്തത്തിൽ അകപ്പെട്ട 158 ഇന്ത്യക്കാരെ രക്ഷിച്ചു. മരിച്ചവരുടെ ആകെ എണ്ണം 950 കടന്നിരിക്കുകയാണ്. 40,000ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്.
