ടൊറൊന്റോ: ലോകകപ്പ് പ്രീ-ക്വാർട്ടറിലെ (റൗണ്ട് ഓഫ് 32) ആവേശപ്പോരാട്ടമായ പോർച്ചുഗൽ – ക്രൊയേഷ്യ മത്സരത്തിന്റെ ടിക്കറ്റ് വില കുതിച്ചുയരുന്നു. ടിക്കറ്റ് റീ-സെയിൽ പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഏകദേശം 3 ലക്ഷം രൂപയാണ് (3000 യുഎസ് ഡോളർ). ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഈ മത്സരത്തിന് ആവശ്യക്കാർ ഏറിയതോടെയാണ് ടിക്കറ്റ് വില ഇത്രത്തോളം വർധിച്ചത്.
ഈ ലോകകപ്പിലാണ് ഫിഫ ‘ഡൈനാമിക് പ്രൈസിങ്’ എന്ന പുതിയ ടിക്കറ്റിങ് രീതിക്ക് തുടക്കമിട്ടത്. ആവശ്യക്കാരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്കിലും മാറ്റം വരുന്ന രീതിയാണിത്. ഇതാണ് പോർച്ചുഗൽ– ക്രൊയേഷ്യ മത്സര ടിക്കറ്റുകളുടെ വില ഇത്രയും വൻതോതിൽ ഉയരാൻ കാരണമായത്.
മുൻപ് റയൽ മഡ്രിഡിൽ ഒന്നിച്ച് കളിച്ച് വിസ്മയം തീർത്ത രണ്ട് ഇതിഹാസ താരങ്ങൾ നേർക്കുനേർ വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ), ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ) എന്നീ മുൻനിരക്കളിക്കാരാണത്. ജൂലായ് 3-ന് പുലർച്ചെ ഇന്ത്യൻ സമയം 4.30-നാണ് ഈ ആവേശപ്പോരാട്ടം നടക്കുക.
