ന്യൂയോർക്ക്: വിരമിക്കലിനെക്കുറിച്ചുള്ള ആലോചനകൾ ഇപ്പോൾ പ്രസക്തമല്ലെന്നും ലോകകപ്പ് മത്സരങ്ങൾ പൂർത്തിയായ ശേഷം കുടുംബവുമായി ചർച്ച ചെയ്ത് മാത്രമേ ഉചിതമായ തീരുമാനമെടുക്കൂ എന്നും 41-കാരനായ റൊണാൾഡോ വ്യക്തമാക്കി. വികാരാവേശത്തിൽ തീരുമാനങ്ങൾ എടുക്കുന്ന രീതി താൻ അവസാനിപ്പിച്ചുവെന്നും ഇപ്പോൾ എല്ലാം ശാന്തമായാണ് തീരുമാനിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ ടീമിനെ സഹായിക്കാനും കളി ആസ്വദിക്കാനുമാണ് താൻ മുൻഗണന നൽകുന്നത്.ക്രൊയേഷ്യക്കെതിരായ നിർണായകമായ റൗണ്ട് ഓഫ് 32 മത്സരത്തിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ തന്റെ ആദ്യ ലോകകപ്പ് നോക്കൗട്ട് ഗോൾ നേടിയിരുന്നു. മത്സരത്തിൽ പോർച്ചുഗൽ 2-1ന് വിജയിക്കുകയും ചെയ്തു. ഈ ലോകകപ്പിൽ ഉസ്ബെക്കിസ്ഥാനെതിരായ ഇരട്ട ഗോളുകൾ ഉൾപ്പെടെ റൊണാൾഡോ ഇതുവരെ മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.
പോർച്ചുഗലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും കൂടുതൽ ഗോളുകൾ നേടിയ താരവും റോണോയാണ്. പോർച്ചുഗലിനായി മൂന്ന് കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. 2016-ൽ യൂറോ കപ്പ് നേടിയ താരം രണ്ട് യുവേഫ നാഷൻസ് ലീഗ് കിരീടങ്ങളും നേടി. ലോകകപ്പ് മാത്രമാണ് ദേശീയ കുപ്പായത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് നേടാനുള്ളത്.
