അൻസിബയു‌ടെ പരാതിയിൽ ടിനി ടോമിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്‌

  • Home-FINAL
  • Business & Strategy
  • അൻസിബയു‌ടെ പരാതിയിൽ ടിനി ടോമിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്‌

അൻസിബയു‌ടെ പരാതിയിൽ ടിനി ടോമിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്‌


കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പ്രമുഖ നടനും മിമിക്രി താരവുമായ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ, മതം പറഞ്ഞ് അധിക്ഷേപിക്കൽ, ഗൂഢാലോചന തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് പൊലീസിന്റെ ഈ അടിയന്തര നടപടി. എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ടിനി ടോമിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്നാണ് സൂചന.
‘അമ്മ’ സംഘടനയുടെ ഔദ്യോഗിക മീറ്റിങ്ങുകളിലും റിഹേഴ്സൽ ക്യാമ്പുകളിലും വെച്ച് ടിനി ടോം തനിക്കെതിരെ നിരന്തരമായി അശ്ലീല പരാമർശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്ന് അൻസിബ പരാതിയിൽ വ്യക്തമാക്കുന്നു.
തന്നെ ‘ജിഹാദി’ എന്നും ‘മതതീവ്രവാദി’ എന്നും വിളിച്ച് ആക്ഷേപിച്ചതായും, ടിനി ടോമിന്റെ ഡ്രൈവറെ മതം മാറ്റാൻ താൻ ശ്രമിച്ചു എന്ന രീതിയിൽ വ്യാജപ്രചാരണം നടത്തിയതായും എഫ്ഐആറിൽ പറയുന്നു. തുടർച്ചയായ ഇത്തരം അധിക്ഷേപങ്ങൾ വഴി തനിക്കെതിരെ വലിയ രീതിയിലുള്ള മാനസികാവഹേളനമാണ് താരം നടത്തിയതെന്നും നടി പരാതിപ്പെടുന്നു. നേരത്തെ ഈ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പൊലീസ്, ഇത് വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും കേസ് എടുക്കാൻ കഴിയില്ലെന്നും കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ പൊലീസ് റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് മജിസ്ട്രേറ്റ് അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.

നടി നീന കുറുപ്പ് അടക്കമുള്ള സാക്ഷികൾ ടിനി ടോം അധിക്ഷേപിച്ചതായി പൊലീസിന് കൃത്യമായി മൊഴി നൽകിയിട്ടും എന്തുകൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതെന്ന് കോടതി കടുത്ത ഭാഷയിൽ ചോദിച്ചിരുന്നു. കോടതിയിൽ നിന്നും ഉണ്ടായ ഈ കനത്ത തിരിച്ചടിയെ തുടർന്നാണ് ഇപ്പോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് എഫ്ഐആർ പകർപ്പ് പുറത്തുവിട്ടിരിക്കുന്നത്.

Leave A Comment