കൊണ്ടോട്ടി (മലപ്പുറം): നൂറുകണക്കിന് വാഹനങ്ങൾ പായുന്ന റോഡിനു നടുവിൽ ഒരു പിഞ്ചുകുഞ്ഞ് ഇരിക്കുന്നത് കണ്ട് പകച്ചുപാേയി ആ ഡ്രെെവർ. ആരും ഞെട്ടിപ്പോകുന്ന കാഴ്ച കണ്ട് സ്വകാര്യ ബസ് നിർത്തിയ ഡ്രൈവറും കണ്ടക്ടറും അവളെ വാരിയെടുത്ത് അപകടമൊഴിവാക്കി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഞ്ഞ് റോഡിലേക്കു മുട്ടിലിഴഞ്ഞെത്തിയത്. രാവിലെ 8.35നു കൊണ്ടോട്ടി വലിയപറമ്പിൽ നിന്ന് ഫറോക്കിലേക്കു പോവുകയായിരുന്ന സഫ–മർവ ബസിലെ ജീവനക്കാരാണു കിണറുപടിയിലെത്തിയപ്പോൾ നടുറോഡിൽ കുഞ്ഞിനെ കണ്ടത്. ചാറ്റൽ മഴയുണ്ടായിരുന്നു.
തിരക്കു കുറഞ്ഞ റോഡിൽ എതിരെനിന്ന് ഒരു സ്കൂട്ടർ വരുന്നുണ്ടായിരുന്നു. ഡ്രൈവർ രാമചന്ദ്രൻ ഉടൻ ബസ് നിർത്തി മറ്റു വാഹനങ്ങൾ തടഞ്ഞു. കണ്ടക്ടർ എം.എ.മുഹമ്മദ് നവാസ് കുഞ്ഞിനെയെടുത്തു വീട്ടുകാരെ ഏൽപിച്ചു. റോഡിനോടു ചേർന്നാണു വീട്. കുഞ്ഞിന് ഒരു വയസ്സ് തികഞ്ഞിട്ടില്ല. വീട്ടുകാരുടെ കണ്ണുതെറ്റിയപ്പോൾ കുഞ്ഞ് ഗേറ്റ് കടന്നു പുറത്തേക്കു പോകുകയായിരുന്നു.
