കൊച്ചി: മോഡലിംഗിന്റെ മറവിൽ സ്ത്രീകളെ വിദേശത്തേക്ക് കടത്തി പെൺവാണിഭം നടത്തിയ കേസിൽ മൂന്നു പേർ പിടിയിലായി. നിലവിൽ മൂന്ന് സ്ത്രീകളാണ് പരാതി നൽകിയിരിക്കുന്നത്. കേസിൽ അഞ്ചുപേരെ പ്രതിചേർത്തിട്ടുണ്ടെന്നാണ് വിവരം. ഇതിൽ മൂന്ന് പ്രതികളെ പിടികൂടി. ഒന്നാം പ്രതിയായ സിന്ധു വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുംബയ് വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. രണ്ടാം പ്രതി അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം അന്വേഷിച്ച് വരികയാണ്. കേസിൽ ഇനിയും പരാതികൾ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിനായി ഡിസിപി അശ്വതിയുടെ നേതൃത്വത്തിൽ പ്രത്യക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. മോഡലിംഗിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് നടന്ന മനുഷ്യക്കടത്തിലും ലൈംഗികപീഡനത്തിലും നിരവധി യുവതികൾ ഇരയായെന്നാണ് സൂചന. മോഡലിംഗിന് പുറമെ, വിദേശത്ത് ഉയർന്ന ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ദുബായിൽ എത്തിച്ചശേഷം ഹോട്ടലുകളിൽ കൊണ്ടുപോയി ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധംകെടുത്തി പുരുഷൻമാർക്ക് കാഴ്ച വയ്ക്കും. നഗ്നദൃശ്യങ്ങൾ പകർത്തും. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡനത്തിന് ഇരയാക്കുകയാണ് രീതി.
വിദേശത്ത് കൊണ്ടുപോയ ശേഷം ക്രൂരമായ പീഡനം നേരിടേണ്ടിവന്നുവെന്നാണ് ഒരു പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ബോധരഹിതയാക്കിയ ശേഷം പലരും ലൈംഗികമായി പീഡിപ്പിച്ചുവെന്നും നഗ്നദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചുകൊടുത്തുവെന്നും പരാതിക്കാരി വെളിപ്പെടുത്തി.
നാട്ടിൽ നിന്ന് ദുബായിലെത്തിച്ച ശേഷം ഒരു ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്. അവിടെ വേറെ എട്ട് യുവതികളെ കൂടി കണ്ടിരുന്നു. എന്റെ കുഞ്ഞിനെ വരെ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഒടുവിൽ ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് നാട്ടിലെത്തിയത് ‘ – പരാതിക്കാരി പറഞ്ഞു.

